ഖത്തർ: HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങളുടെ റമദാനിലെ പ്രവർത്തനസമയങ്ങൾ പ്രഖ്യാപിച്ചു

GCC News

ഹമദ് മെഡിക്കൽ കോർപറേഷനു (HMC) കീഴിലുള്ള ആശുപത്രികളിൽ നിന്നുള്ള എല്ലാ അടിയന്തിര ചികിത്സാ സേവനങ്ങളും, കിടത്തി ചികിത്സ ആവശ്യമുള്ള സാഹചര്യങ്ങളിലുള്ള സേവനങ്ങളും റമദാൻ മാസത്തിൽ സാധാരണ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം അടിയന്തിര ചികിത്സാ സേവനങ്ങൾ റമദാനിലും ആഴ്ച്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകുന്നതാണെന്ന് HMC പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചു.

അടിയന്തിര മെഡിക്കൽ സേവനങ്ങളൊഴികെയുള്ള ഏതാനം വിദൂര രീതിയിലൂടെ ലഭിക്കുന്ന സേവനങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ റമദാനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും HMC അറിയിച്ചു. ദേശീയ COVID-19 ഹെല്പ് ലൈൻ 16000 വഴിയുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭിക്കുന്നതാണ്.

HMC-യുടെ OPD വിർച്യുൽ ക്ലിനിക്ക് സേവനങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ലഭ്യമാണ്. HMC-യുടെ അടിയന്തിര കൺസൾട്ടൻസി സേവനങ്ങൾ ദിനവും രാവിലെ 8 മുതൽ വൈകീട്ട് 3 വരെ ലഭ്യമാണ്. മാനസികാരോഗ്യ ഹെല്പ് ലൈൻ സേവനങ്ങൾ ദിനവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും, രാത്രി 9 മുതൽ പുലർച്ചെ 2 വരെയും (ശനി മുതൽ വ്യാഴം വരെ) ലഭ്യമാണ്.

മരുന്നുകൾ വീടുകളിലെത്തിക്കുന്നതിനുള്ള HMC-യുടെ കീഴിലുള്ള ഫാർമസി മെഡിക്കേഷൻ ഹോം ഡെലിവറി സേവനങ്ങൾ ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെ ലഭ്യമാണ്. വെള്ളിയാഴ്ച്ചകളിൽ ഈ സേവനം ലഭ്യമല്ല. മരുന്നുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിയുന്നതിനായി 40260759 എന്ന നമ്പറിലൂടെ നൽകുന്ന സേവനങ്ങൾ ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 3 വരെ ലഭ്യമാണ്.