സൗദി: ഹജ്ജ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യാജ സ്ഥാപനങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതിനായുള്ള രജിസ്‌ട്രേഷൻ നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെ നിർവഹിക്കണമെന്നും, വ്യാജ ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളുടെ കെണിയിൽ പെടരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സമൂഹമാധ്യമങ്ങളിലും, വെബ്സൈറ്റുകളിലും കാണുന്ന ഹജ്ജ് സേവനദാതാക്കളുടെ പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കരുതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പരസ്യം നൽകുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഇത്തരം പരസ്യങ്ങൾ നൽകുന്നതാണെന്നും, ഇവരുടെ തട്ടിപ്പിന് ഇരയാകരുതെന്നും രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനകാലത്ത് ഔദ്യോഗിക പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ ഇത്തരം ബുക്കിംഗ് അനുവദിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

https://twitter.com/HajMinistry/status/1406295918236901383

2021 ജൂൺ 19 രാത്രി വരെയുള്ള കണക്കുകൾ പ്രകാരം ഏതാണ്ട് അഞ്ച് ലക്ഷത്തിൽ പരം ആളുകൾ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.