കുവൈറ്റ്: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് ഓൺലൈനിലൂടെ വിസ കാലാവധി പുതുക്കുന്നതിനുള്ള സേവനങ്ങൾ തുടരും

featured GCC News

പ്രവാസികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ റെസിഡൻസി വിസകൾ പുതുക്കുന്നതിനും, മറ്റു വിസ സേവനങ്ങൾ നേടുന്നതിനുമായുള്ള സൗകര്യം തുടരുമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഈ സേവനങ്ങൾ പ്രവാസികൾക്കായി ലഭ്യമാണ്. ഈ സംവിധാനത്തിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിസ, ഗാർഹിക തൊഴിലാളികളുടെ വിസ, ആശ്രിത വിസ തുടങ്ങിയവ പുതുക്കുന്നതിനുള്ള സേവനം ലഭ്യമാണ്. ചുരുങ്ങിയത് ഒരു വർഷത്തെ പാസ്സ്‌പോർട്ട് കാലാവധി ബാക്കിയുള്ളവർക്ക്, തൊഴിൽദാതാവ് മറ്റ് നിയമപ്രശ്‌നങ്ങളൊന്നും ഉയർത്താത്ത സാഹചര്യത്തിൽ ഈ ഓൺലൈൻ സംവിധാനത്തിലൂടെ വിസ പുതുക്കി നേടാവുന്നതാണ്.

നിലവിൽ കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്ക് റെസിഡൻസി വിസ കാലാവധി പുതുക്കി നൽകില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.