ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നൂതന സ്കാനർ സംവിധാനം ഏർപ്പെടുത്തി

GCC News

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്ക്പോയിന്റുകളിൽ യാത്രികരുടെ ബാഗേജുകൾ സൂക്ഷ്‌മപരിശോധന നടത്തുന്നതിനായി നൂതന സ്കാനർ സംവിധാനം സ്ഥാപിച്ചു. സൂക്ഷ്‌മപരിശോധനാ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്മിത്ത്സ് ഡിറ്റക്ഷൻ എന്ന കമ്പനിയുമായി ചേർന്നാണ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഈ പുതിയ സ്കാനർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

https://twitter.com/HIAQatar/status/1407684792938897421

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ട്രാൻസ്‌ഫെർസ് ഹാളിലാണ് ഈ പുതിയ സ്കാനർ ഉപയോഗിച്ച് കൊണ്ടുളള സ്‌ക്രീനിങ്ങ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. വലിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രവരൂപത്തിലുള്ള സാധനങ്ങൾ മുതലായവ നീക്കം ചെയ്യാതെ തന്നെ യാത്രികർക്ക് തങ്ങളുടെ ബാഗേജുകൾ ഈ സംവിധാനത്തിലൂടെ പരിശോധനകൾക്കായി നൽകാവുന്നതാണ്.

ഒരേ സമയം ആറ് യാത്രികരുടെ വരെ ബാഗേജുകളടങ്ങിയ ട്രേകൾ ഇത്തരത്തിൽ പരിശോധിക്കാനുള്ള സൗകര്യം ഈ സംവിധാനത്തിൽ ലഭ്യമാണ്. ഇതിനാൽ ബാഗേജ് പരിശോധനകളുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിൽ നടത്താൻ ഈ സംവിധാനം സഹായകമാണ്.

യാത്രികരുടെ ബോർഡിങ്ങ് പാസുമായി ബന്ധപ്പെടുത്തി ഓരോ യാത്രികന്റെയും ബാഗേജ് പ്രത്യേകം തിരിച്ചറിയുന്നതിനുള്ള സൗകര്യവും ഈ സംവിധാനത്തിൽ ലഭ്യമാണ്. സാധനങ്ങൾ നഷ്ടപ്പെടുന്നതും, മറന്ന് വെക്കുന്നതും ഉൾപ്പടെയുള്ള കാര്യങ്ങൾ തടയുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്. യാത്രികരുടെ പാദരക്ഷകൾ ഊരിയെടുക്കാതെ തന്നെ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്കാനറിലൂടെ കടത്തിവിടുന്ന ഓരോ ട്രേയും അടുത്ത ഉപയോഗത്തിന് മുൻപായി അണുവിമുക്തമാക്കുന്നതിനുള്ള യുവി സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.