കുവൈറ്റ്: മാളുകളിലേക്കുള്ള പ്രവേശന നിയന്ത്രണം; നിയമംലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തും

Kuwait

രാജ്യത്തെ ഏതാനം പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിൽ വീഴ്ച്ചകൾ വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് 5000 ദിനാർ പിഴ ചുമത്തുമെന്ന് കുവൈറ്റ് മിനിസിപ്പാലിറ്റി അറിയിച്ചു. 2021 ജൂൺ 27 മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ, ജിം മുതലായ ഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്. 2021 ജൂൺ 27 മുതൽ കുവൈറ്റിൽ ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകളിൽ പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ വാക്സിനേഷൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് റെസ്റ്റാറന്റുകൾ, കഫേ, മാളുകൾ, ജിം, ബ്യൂട്ടി സലൂൺ, തിയേറ്റർ, സിനിമാശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുട്ടികൾ, ഇത്തരം വാണിജ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് നൽകിയിട്ടുള്ളത്.

ഈ തീരുമാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനായി രാജ്യത്തെ പത്ത് പ്രധാന ഷോപ്പിംഗ് മാളുകളിൽ ജൂൺ 27 മുതൽ പബ്ലിക് സെക്യൂരിറ്റി പോലീസ് സേനയിലെ അംഗങ്ങളെ പരിശോധനകൾക്കായി വിന്യസിച്ചിട്ടുണ്ട്. ഈ മാളുകളിലെ ഓരോ പ്രവേശന കവാടങ്ങളിലും ഇത്തരത്തിൽ രണ്ട് പൊലീസുകാരെ വീതമാണ് നിയമിച്ചിട്ടുള്ളത്. ഇവർ വാണിജ്യ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ചുറപ്പ് വരുത്തുന്നതാണ്.

എന്നാൽ ഈ തീരുമാനം രാജ്യത്തെ ആറായിരം സ്‌ക്വയർ മീറ്ററിൽ താഴെ വിസ്‌തീർണമുള്ള കോഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറുകൾ, സമാന്തര മാർക്കറ്റുകൾ മുതലായവയ്ക്ക് ബാധകമല്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Cover Photo: Kuwait Municipality