എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ഓഗസ്റ്റ് 31 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു. ജൂലൈ 4-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതോടൊപ്പം, എമിറേറ്റിലെ പൊതു പരിപാടികൾ, എക്സിബിഷനുകൾ, കായികവിനോദ മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, സാമൂഹിക ചടങ്ങുകൾ, കലാ പരിപാടികൾ മുതലായവയിലേക്കുള്ള പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമായി നിയന്ത്രിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വാക്സിൻ ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുത്തവർക്കും ഇത്തരം ചടങ്ങുകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
റാസ് അൽ ഖൈമയിലെ സാംസ്‌കാരിക, സാമൂഹിക ചടങ്ങുകളിലേക്ക് പ്രവേശിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:
- പ്രവേശനം വാക്സിനെടുത്തവർക്കും, വാക്സിൻ ട്രയലിൽ പങ്കെടുത്തവർക്കും മാത്രം.
- ഇവർ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവായി Al Hosn ആപ്പിലെ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.
- ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
എമിറേറ്റിൽ വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിലും, കുടുംബ സംഗമങ്ങളിലും പങ്കെടുക്കാൻ അനുമതിയുള്ളവരുടെ പരമാവധി എണ്ണം 10 എന്നത് തുടരുന്നതാണ്. എമിറേറ്റിലെ പൊതു പാർക്കുകളിലും, ഭക്ഷണശാലകളിലും സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തുടരുന്നതാണ്.
റാസ് അൽ ഖൈമയിൽ ഓഗസ്റ്റ് 31 വരെ താഴെ പറയുന്ന നിയന്ത്രണങ്ങൾ തുടരുന്നതാണ്:
- പൊതു ബീച്ചുകളിൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 70 ശതമാനം പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
- സിനിമാശാലകൾ, വിനോദകേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, ജിം, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകൾ, സ്വിമ്മിങ്ങ് പൂൾ മുതലായ ഇടങ്ങളിൽ 50 ശതമാനം പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
- പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം 50 ശതമാനം ശേഷിയിൽ നിയന്ത്രിക്കുന്നതാണ്.
- ഷോപ്പിങ്ങ് മാളുകൾ പരമാവധി ശേഷിയുടെ 60 ശതമാനത്തിൽ പ്രവർത്തിക്കുന്നതാണ്.
- വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിലും, കുടുംബ സംഗമങ്ങളിലും പരമാവധി 10 പേർക്ക് പങ്കെടുക്കാം.
- ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
- പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, ചുരുങ്ങിയത് 2 മീറ്റർ എങ്കിലും സാമൂഹിക അകലം എന്നിവ ഉറപ്പാക്കേണ്ടതാണ്.
- ഭക്ഷണശാലകളിൽ ഒരു മേശയിൽ പരമാവധി നാല് പേർക്കാണ് ഇരിക്കുന്നതിന് അനുമതി. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.
- ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കേണ്ടതാണ്.
Cover Photo: WAM