അബുദാബി: പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് ഫീ 1000 ദിർഹമാക്കി കുറച്ചു

featured GCC News

എമിറേറ്റിൽ പുതിയ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ഫീസ് 1000 ദിർഹമാക്കി കുറയ്ക്കാൻ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) തീരുമാനിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഫീസിൽ ഏതാണ്ട് 94 ശതമാനത്തോളം കുറവ് വരുത്തുന്നതിനായാണ് ADDED തീരുമാനിച്ചിരിക്കുന്നത്.

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നടപടിലാക്കുന്ന ഈ തീരുമാനം 2021 ജൂലൈ 27, ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. നിലവിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് 1000 ദിർഹമാക്കി കുറയ്ക്കുന്നതിനും ADDED തീരുമാനിച്ചിട്ടുണ്ട്.

ഈ പുതുക്കിയ ഫീസ് ബിസിനസ് ലൈസൻസിൽ ഉൾപ്പെടുന്ന ആറ് പ്രവർത്തനങ്ങൾക്കും ബാധകമായിരിക്കുമെന്നും, ADDED, ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട ഫീസുകൾ, അബുദാബി ചേംബർ അംഗത്വ ഫീ, CoC സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ഫീ തുടങ്ങിയ മറ്റു തുകകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ നിലനിന്നിരുന്ന പല ഫീസുകളും ഒഴിവാക്കിയതായും അധികൃതർ ചൂണ്ടിക്കാട്ടി.

എമിറേറ്റിൽ വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകുന്നതിനും ഈ തീരുമാനത്തിലൂടെ ADDED ലക്‌ഷ്യം വെക്കുന്നു.