വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി. ഓഗസ്റ്റ് 14-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനങ്ങൾ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്കും ബാധയകമാക്കിയിട്ടുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ചുള്ള ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ഓഗസ്റ്റ് 15 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾ Alhosn ആപ്പിലെ രേഖകൾ പ്രകാരം പൂർണ്ണമായും COVID-19 വാക്സിനേഷൻ ലഭിച്ച യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാണ്. COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ജൂലൈ 31-ന് പ്രസിദ്ധീകരിച്ചത്) https://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-july-31-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.
COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് ഓഗസ്റ്റ് 15 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, ഒമ്പതാം ദിനത്തിലും (നേരത്തെ പന്ത്രണ്ടാം ദിനത്തിലായിരുന്നു) വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പത്ത് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. നേരത്തെ ഈ ക്വാറന്റീൻ കാലാവധി പന്ത്രണ്ട് ദിവസമായിരുന്നു. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ഒമ്പതാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. നേരത്തെ ഈ ടെസ്റ്റ് പതിനൊന്നാം ദിനത്തിലാണ് നടത്തിയിരുന്നത്.