കുവൈറ്റ് അംഗീകരിക്കാത്ത വാക്സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് നിർബന്ധം

Kuwait

വിദേശത്ത് നിന്ന് സിനോഫാം, സിനോവാക്, സ്പുട്നിക് എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പെടുത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത്തരം യാത്രികർ കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളിലേതെങ്കിലും ഒന്നിന്റെ ഒരു അധിക ഡോസ് സ്വീകരിക്കേണ്ടതാണ്.

ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് നൽകിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് സാധുതയുള്ള കുവൈറ്റ് റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നാണ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് അറിയിച്ചിരിക്കുന്നത്:

കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ:

  • കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസുകൾ, അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൻ വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പുകളെടുത്തിട്ടുള്ള പ്രവാസികൾ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ രേഖകൾ ഹാജരാക്കേണ്ടതാണ്.
  • കുവൈറ്റിൽ നിന്ന് ഈ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഇമ്മ്യൂൺ (Immune), കുവൈറ്റ് മൊബൈൽ ഐഡി (Kuwait Mobile ID) എന്നീ ആപ്പുകളിലൂടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റിൽ എത്തിയ ശേഷം അധികൃതർക്ക് സമർപ്പിക്കാവുന്നതാണ്.
  • കുവൈറ്റിന് പുറത്ത് നിന്ന് വാക്സിനെടുത്തിട്ടുള്ളവർക്ക് തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി തങ്ങളുടെ COVID-19 വാക്സിനേഷൻ സംബന്ധമായ രേഖകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ നൽകേണ്ടതാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക പരിശോധനാ വിഭാഗം ഈ രേഖകൾ പരിശോധിക്കുന്നതും, വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കുന്നതുമാണ്. ഇത്തരത്തിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ അപേക്ഷകന്റെ പാസ്സ്പോർട്ടിലെ പേര് തന്നെയായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ വാക്സിൻ പേര്, വാക്സിനെടുത്ത തീയതി, ആധികാരികത ഉറപ്പാക്കുന്നതിനുള്ള QR കോഡ് എന്നിവ ആവശ്യമാണ്.
  • QR കോഡ് ഇല്ലാത്ത COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച്, ഇത്തരം സാഹചര്യങ്ങളിൽ ഈ രേഖയുടെ കോപ്പി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് അംഗീകരിക്കാത്ത COVID-19 വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്കുള്ള നിബന്ധന:

വിദേശത്ത് നിന്ന് സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്ക്, കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളുടെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നന്നതാണ്.

കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികർക്കും ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ:

  • എല്ലാ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിലെടുത്ത PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • കുവൈറ്റിലെത്തിയ ശേഷം മുഴുവൻ യാത്രികർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്.
  • ഈ ക്വാറന്റീൻ നേരത്തെ അവസാനിപ്പിക്കുന്നതിനായി, കുവൈറ്റിലെത്തിയ ശേഷം നടത്തിയ PCR ടെസ്റ്റിൽ ലഭിച്ചിട്ടുള്ള നെഗറ്റീവ് റിസൾട്ട്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിച്ച് കൊണ്ട്, ആവശ്യമെങ്കിൽ യാത്രികർക്ക് അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ 2021 ഓഗസ്റ്റ് 18-ന് വൈകീട്ട് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ എന്ന് മുതലാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്ന് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിൽ നിന്നോ, കുവൈറ്റ് DGCA-യിൽ നിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കുവൈറ്റിലെ കൊറോണ എമർജൻസി ഔദ്യോഗിക കമ്മിറ്റിയുടെ നിബന്ധനകൾ പ്രകാരമായിരിക്കും ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിമാനസർവീസുകൾ അനുവദിക്കുന്നതെന്ന് കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മാസരേം വ്യക്തമാക്കിയിട്ടുണ്ട്.