ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് എംബസി ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഖത്തറിലേക്ക് പ്രവേശിക്കുന്നവർ മയക്കുമരുന്നുകൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ അടങ്ങിയ മരുന്നുകൾ തങ്ങളുടെ കൈവശം സൂക്ഷിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം മരുന്നുകൾ ഖത്തറിലേക്ക് കൊണ്ട് വരുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് എംബസി ചൂണ്ടിക്കാട്ടി.
താഴെ പറയുന്ന മരുന്നുകൾക്ക് ഖത്തർ നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്:
- Lyrica.
- Tramadol.
- Alprazolam (Xanax).
- Diazepam (Valium).
- Zolam.
- Clonazepam.
- Zolpidem.
- Codeine.
- Methadone.
- Pregabalin.
ഖത്തർ നിരോധിച്ചിട്ടുള്ള മരുന്നുകളുടെ പൂർണ്ണ വിവരങ്ങൾ https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf എന്ന വിലാസത്തിൽ എംബസി ലഭ്യമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ നിരോധിക്കപ്പെട്ട മരുന്നുകളുമായി ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് അറസ്റ്റ് നടപടികൾ, തടവ് ശിക്ഷ എന്നിവ നേരിടേണ്ടിവരുമെന്ന് എംബസി മുന്നറിയിപ്പ് നൽകി. അതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും, ബന്ധുക്കളോ, സുഹൃത്തുക്കളോ ആവശ്യപ്പെടുന്നതിനനുസരിച്ച് മരുന്നുകൾ കൈവശം വെക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി ചൂണ്ടിക്കാട്ടി.
സ്വന്തം ആവശ്യങ്ങൾക്കായി, ഖത്തർ നിരോധനമേർപ്പെടുത്തിയിട്ടില്ലാത്ത മരുന്നുകൾ കൈവശം വെക്കുന്ന യാത്രികർ, അംഗീകൃത ഡോക്ടറോ, ഹോസ്പിറ്റലോ നൽകിയിട്ടുള്ള മരുന്ന് കുറിപ്പ് ഇതോടൊപ്പം നിർബന്ധമായും കരുതേണ്ടതാണ്. ഇത്തരത്തിൽ പരമാവധി 30 ദിവസത്തേക്കുള്ള മരുന്നുകൾ മാത്രമാണ് നിയമപരമായി കൈവശം കരുതുന്നതിന് അനുമതിയുള്ളത്.