ഖത്തർ: ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികകളിൽ മാറ്റം വരുത്തി

featured GCC News

ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ തരാം തിരിച്ചിട്ടുള്ള പട്ടികയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റ് 23, തിങ്കളാഴ്ച്ച രാത്രിയാണ് ഈ പട്ടിക പുതുക്കി പ്രഖ്യാപിച്ചിട്ടുള്ളത്.

ഓഗസ്റ്റ് 23 മുതൽ ഈ പട്ടിക പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം കൂടുതൽ രാജ്യങ്ങളെ COVID-19 അപകട സാധ്യത നിലനിൽക്കുന്ന റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 167 രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 153 രാജ്യങ്ങളെയാണ് ഈ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്.

നിലവിൽ ഗ്രീൻ പട്ടികയിൽ 11 (നേരത്തെ 21 രാജ്യങ്ങൾ) രാജ്യങ്ങളും, യെല്ലോ പട്ടികയിൽ 27 (നേരത്തെ 33 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ ആറ് ഏഷ്യൻ രാജ്യങ്ങളെ പ്രത്യേക വിഭാഗം രാജ്യങ്ങളായാണ് കണക്കാക്കുന്നത്. ഇതിനാൽ ഇവ ഗ്രീൻ, യെല്ലോ, റെഡ് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

ഇന്ത്യ ഉൾപ്പടെ മേൽപ്പറഞ്ഞ 6 രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 2 മുതൽ താഴെ പറയുന്ന പ്രത്യേക നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുന്നത്:

  • ഖത്തറിൽ നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരോ, ഖത്തറിൽ വെച്ച് COVID-19 രോഗബാധിതരായ ശേഷം രോഗമുക്തരായവരോ ആയ യാത്രികർ മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. രണ്ടാം ദിനം PCR ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഈ ക്വാറന്റീൻ അവസാനിക്കുന്നതാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മറ്റുള്ള എല്ലാ യാത്രികർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.

Cover Image: @HIAQatar