യു എ ഇ: ഗോൾഡൻ വിസ അപേക്ഷകൾ ഇപ്പോൾ ICA ആപ്പിലൂടെ നൽകാം

featured GCC News

രാജ്യത്ത് ഗോൾഡൻ വിസകൾക്ക് അർഹതയുള്ളവർക്ക്, ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ തങ്ങളുടെ ആപ്പിലൂടെ നൽകാമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വ്യക്തമാക്കി. ICA UAE സ്മാർട്ട് ആപ്പിലെ ഗോൾഡൻ റെസിഡൻസി നോമിനേഷൻ എന്ന സേവനത്തിലൂടെ ഇത്തരം അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

പത്ത് വർഷത്തെ റെസിഡൻസി വിസകൾക്ക് അപേക്ഷിക്കുന്നതിന് അർഹതയുള്ളവർക്കും, മറ്റുള്ളവർക്ക് ഇത്തരത്തിൽ അർഹതയുള്ളവരെ ശുപാർശ ചെയ്യുന്നതിനുമായുള്ള അപേക്ഷകൾ ഇപ്പോൾ ICA UAE സ്മാർട്ട് ആപ്പിൽ ലഭ്യമാണ്. എല്ലാ അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്തു കൊണ്ട് അപേക്ഷകർക്ക് ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ ആപ്പ് ഉപയോഗിച്ച് പൂർത്തിയാക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് ഈ സേവനത്തിനായി 50 ദിർഹം ഫീ ഇനത്തിൽ ഈടാക്കുന്നതാണ്.

രേഖകൾ നൽകിയ ശേഷം അപേക്ഷകൾ പൂർത്തിയാക്കിയവർക്ക് ഇത് സംബന്ധിച്ച സ്ഥിരീകരണം SMS സന്ദേശത്തിലൂടെയും, ഇമെയിൽ സന്ദേശത്തിലൂടെയും ലഭിക്കുന്നതാണ്. മതിയായ രേഖകൾ ഇല്ലാത്തതോ, കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്താത്തതോ ആയ അപേക്ഷകൾ 30 ദിവസങ്ങൾക്ക് ശേഷം സ്വയമേവ റദ്ദാകുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.