അൽ ഐൻ മൃഗശാല തങ്ങളുടെ വെബ്സൈറ്റ് സന്ദർശകർക്കായി മൂന്ന് പുതിയ ഓഡിയോ ടൂർ അനുഭവങ്ങൾ ആരംഭിച്ചു

featured UAE

തങ്ങളുടെ വെബ്സൈറ്റ് സന്ദർശകർക്ക് ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്ററിലൂടെ ഒരു ഭ്രമിപ്പിക്കുന്ന യാത്രാനുഭവം നൽകുന്നതിനായി അൽ ഐൻ മൃഗശാല മൂന്ന് പുതിയ ഓഡിയോ ടൂർ അനുഭവങ്ങൾ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ ഐൻ മൃഗശാലയുടെ വെബ്സൈറ്റിലെത്തുന്ന (https://www.alainzoo.ae/) സന്ദർശകർക്ക് ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്ററിലെ ജനപ്രിയമായ ‘ഔർ ഹെറിറ്റേജ്, ഔർ ഐഡന്റിറ്റി’, ‘സായിദ്സ് പാത്ത്’, ‘ആർട് ഓഫ് ആർകിടെക്ച്ചർ’ എന്നീ മൂന്ന് ടൂറുകൾ ഓഡിയോ രൂപത്തിൽ അനുഭവിക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

“ഞങ്ങളുടെ സന്ദർശകർക്കായി നവീകരിച്ചതും, പുതുമയുള്ളതുമായ അനുഭവങ്ങൾ ഇടതടവില്ലാതെ ഒരുക്കുന്നതിൽ അൽ ഐൻ സൂ വളരെയധികം ഉത്സുകരാണ്. സന്ദർശകരുടെ പ്രതീക്ഷകൾക്കൊത്ത രീതിയിൽ അവർക്കായി മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ്, COVID-19 പശ്ചാത്തലത്തിൽ സുരക്ഷിതമായും, സമൂഹ അകലം ഉറപ്പാക്കിക്കൊണ്ടും ഞങ്ങളുടെ ജനപ്രിയമായ ഓഡിയോ ടൂർ സേവനങ്ങൾ സന്ദർശകർക്ക് അനുഭവിക്കാനുതകുന്ന രീതിയിൽ ഇപ്പോൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.”, ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്റർ ഡയറക്ടർ മുനീറ ജസീം അൽ ഹോസാനി വ്യക്തമാക്കി.

ഈ ഓഡിയോ ടൂർ സേവനങ്ങൾ സന്ദർശകർക്ക് യു എ ഇയുടെ പഴമയിലേക്ക് സഞ്ചരിക്കുന്നതിനും, വർത്തമാന കാലത്തെയും, ഭാവികാലത്തെയും സാധ്യതകൾ മനസ്സിലാക്കുന്നതിനും സഹായകമാകുന്നതാണ്. ടൂർ ഗൈഡിന്റെ സഹായമില്ലാതെ തന്നെ ഷെയ്ഖ് സായിദ് ഡെസേർട്ട് ലേർണിംഗ് സെന്ററിലൂടെയുള്ള ഒരു യാത്രാനുഭവം നൽകുന്നതിന് ഈ ഓഡിയോ ടൂർ അവസരമൊരുക്കുന്നു.

https://www.alainzoo.ae/the-sheikh-zayed-desert-learning-centre/Tours%26showtiming/theculturaltours എന്ന വിലാസത്തിൽ നിന്ന് ‘Zayed’s Path’, ‘Art of Architecture’, ‘Our Heritage, Our Identity’ എന്നീ ഓഡിയോ ടൂറുകൾ ലഭ്യമാണ്.

Audio Tour feature in Al Ain Zoo website. [Source: https://www.alainzoo.ae]

ഷെയ്ഖ് സായിദ് ബിൻ സുൽത്താന്റെ ജീവിതത്തെ അടുത്തറിയുന്നതിനും, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ യു എ ഇയിലെ ജീവിത രീതികൾ അനുഭവിക്കുന്നതിനും “Zayed’s Footsteps” എന്ന ഓഡിയോ ടൂർ സന്ദർശകർക്ക് അവസരമൊരുക്കുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ വാസ്‌തുവിദ്യകളെക്കുറിച്ച് അറിയുന്നതിനായി “Art of Architecture” ഓഡിയോ ടൂർ സഹായിക്കുന്നതാണ്. “Our Heritage, Our Identity” എന്ന ടൂർ സന്ദർശകർക്ക് യു എ ഇയുടെ പൈതൃകം, ചരിത്രം എന്നിവയെ പരിചയപ്പെടുത്തുന്നതിനും, ഇതോടൊപ്പം യു എ ഇ സ്ഥാപക പിതാവിന്റെ ദർശനങ്ങളെ മനസ്സിലാക്കുന്നതിനും അവസരമൊരുക്കുന്നു.

WAM