ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിന്റെ പരോക്ഷമായ സ്വാധീനം അനുഭവപ്പെട്ടു തുടങ്ങിയതായി CAA

GCC News

ഷഹീൻ ചുഴലിക്കാറ്റിന്റെ പരോക്ഷമായ സ്വാധീനം സൗത്ത് അൽ ശർഖിയ, മസ്കറ്റ് മുതലായ ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. ഒക്ടോബർ 2-ന് വൈകീട്ട് CAA പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

https://twitter.com/CAAOMN/status/1444259159394893828

സൗത്ത് അൽ ശർഖിയ, മസ്കറ്റ് മേഖലകളിൽ മൂന്ന് മുതൽ അഞ്ച് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ദൃശ്യമായി തുടങ്ങിയതായും, വിവിധ തീവ്രതകളിലുള്ള മഴ അനുഭവപ്പെടുന്നതായും അതോറിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 3, ഞായറാഴ്ച്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനം അനുഭവപ്പെടുമെന്നും, 30 മുതൽ 60 നോട്ട് വരെ വേഗതയുള്ള കാറ്റ്, ഇടിയോട് കൂടിയ കനത്ത മഴ (200- 500 mm) എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന, മസ്കറ്റ്, അൽ ദഹിറാഹ്, അൽ ബുറൈമി, അൽ ദാഖിലിയ തുടങ്ങിയ ഗവർണറേറ്റുകളിലെ താഴ്‌വരകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, അതിനാൽ ഇത്തരം ഇടങ്ങൾ ഒഴിവാക്കാനും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ തീരദേശമേഖലയിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.

മുസന്ദം, നോർത്ത് അൽ ശർഖിയ മേഖലകളിൽ ശക്തമായ കാറ്റിനും, മഴയ്ക്കും സാധ്യതയുള്ളതായും അതോറിറ്റി കൂട്ടിച്ചേർത്തു. ഒമാന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2021 ഒക്ടോബർ 3, 4 തീയതികളിൽ പൊതു അവധിയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.