ഷഹീൻ ചുഴലിക്കാറ്റ്: ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് മുവാസലാത്ത്

featured Oman

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ 2021 ഒക്ടോബർ 3 മുതൽ ബസ്, ഫെറി സേവനങ്ങൾ നിർത്തിവെക്കുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 2-ന് വൈകീട്ടാണ് മുവാസലാത്ത് ഈ അറിയിപ്പ് നൽകിയത്.

“2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നു.”, മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. സലാലയിലെ സിറ്റി ബസ് സർവീസുകൾ, ഷന്ന – മസീറ റൂട്ടിലെ ഫെറി സർവീസ് എന്നിവയ്ക്ക് ഈ തീരുമാനം ബാധകമല്ലെന്നും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2021 ഒക്ടോബർ 3, 4 തീയതികളിൽ പൊതു അവധിയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഷഹീൻ ചുഴലിക്കാറ്റിന്റെ പരോക്ഷമായ സ്വാധീനം സൗത്ത് അൽ ശർഖിയ, മസ്കറ്റ് മുതലായ ഗവർണറേറ്റുകളിലെ തീരപ്രദേശങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കിയിട്ടുണ്ട്.