അബുദാബി – ടൂറിസം രംഗത്തെ ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾക്ക് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുന്നു

GCC News

വിനോദസഞ്ചാര രംഗത്ത് സഞ്ചാരികൾക്ക് ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾ ഒരുക്കുന്ന സേവനദാതാക്കൾക്കായി അബുദാബി പുതിയ ചട്ടങ്ങളും അനുമതിപത്രം ഉൾപ്പടെയുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കുന്നു. എമിരേറ്റ്സ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാന പ്രകാരം അബുദാബിയിലെ ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (The Department of Culture and Tourism – Abu Dhabi) ഈ രംഗത്തെ പുതിയ വ്യവസ്ഥകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുത്തുന്നതായിരിക്കും എന്ന് ഫെബ്രുവരി 22, ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ അന്താരാഷ്ട്ര ഓൺലൈൻ സംവിധാനങ്ങൾ വഴി ബുക്കുചെയ്യാവുന്ന അബുദാബിയിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള ഹ്രസ്വകാലത്തേക്കുള്ള താമസസൗകര്യങ്ങൾക്കും പ്രവർത്തന ലൈസൻസും മറ്റും നിർബന്ധമാകും.

നിലവിൽ അബുദാബിയിൽ ഹോട്ടലുകൾക്ക് പുറമെയുള്ള ഇത്തരം ഹ്രസ്വകാല താമസസേവനകൾക്ക് സഞ്ചാരികളുടെ ഇടയിൽ സ്വീകാര്യത വർദ്ധിച്ചുവരികയാണ്. പുതിയതായി നിലവിൽ വരുന്ന നിയമങ്ങൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സേവനദാതാക്കളും ഒരേ ഗുണനിലവാരം പുലർത്തുന്നു എന്ന് ഉറപ്പിക്കാനും, ഈ രംഗത്ത് സേവനത്തിനു ഈടാക്കാവുന്ന നിരക്കുകളിൽ ക്രമീകരണം കൊണ്ടുവരാനും സാധിക്കും. ഇത്തരം സേവനദാതാക്കൾക്ക് നിലവിലുള്ള 6 ശതമാനം ടൂറിസം ഫീസ് ബാധകമായിരിക്കും.

പ്രവർത്തന ലൈസൻസുകൾ കണിശമായ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാരിക്കും നൽകുക. പുതുക്കിയ നിയമവ്യവസ്ഥകൾ നിലവിൽ വരുന്നതോടെ അബുദാബിയിലെ ഹ്രസ്വകാല താമസസേവനദാതാക്കളുടെ വിവരങ്ങൾ ഒരു എകീകൃത നിയന്ത്രണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാൻ കഴിയും. ലൈസൻസ് അപേക്ഷകൾ ഉൾപ്പെടെയുള്ള ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഉടൻതന്നെ ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നതായിരിക്കും.