ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് യു എ ഇയിൽ തുടരുന്നതിന് സഹായിക്കുന്ന ഒരു പുതിയ റെസിഡൻസ് വിസ പദ്ധതിയ്ക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. നവംബർ 9-ന് എക്സ്പോ 2020 ദുബായ് വേദിയിൽ വെച്ച് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റു ക്യാബിനറ്റ് അംഗങ്ങൾ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു. ഈ തീരുമാന പ്രകാരം, താഴെ പറയുന്ന നിബന്ധനകൾ പ്രകാരമാണ് ജോലിയിൽ നിന്ന് വിരമിച്ച പ്രവാസികൾക്ക് യു എ ഇയിൽ തുടരുന്നതിന് റെസിഡൻസി വിസകൾ അനുവദിക്കുന്നത്:
- ഒരു ദശലക്ഷം ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള ഒന്നോ, അതിലധികമോ വസ്തുവകകൾ ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് യു എ ഇയിൽ ഉണ്ടായിരിക്കണം. ഇത് സംബന്ധിച്ച മൂല്യ നിർണ്ണയം ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട അധികൃതർ നടത്തുന്നതാണ്.
- ഒരു ദശലക്ഷം ദിർഹം ബാങ്ക് ഡെപ്പോസിറ്റ് ഉള്ള പ്രവാസികൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
- പ്രതിവർഷം 1.8 ലക്ഷം ദിർഹം വരുമാനമുള്ള പ്രവാസികൾക്കും ഈ പദ്ധതി ഉപയോഗിക്കാവുന്നതാണ്.