രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി. 2021 നവംബർ 15-ന് ആരംഭിച്ച ഈ പ്രദർശനം 2021 ഡിസംബർ 15-ന് അവസാനിക്കുമെന്നാണ് മന്ത്രാലയം ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ, ജിയോളോജിക്കൽ സൊസൈറ്റി ഓഫ് ഒമാൻ എന്നിവരുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഈ എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരാൻ തീരുമാനിച്ചതായാണ് ഇപ്പോൾ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ദോഫാർ ഗവർണറേറ്റിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിലാണ് ഈ എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഒമാന്റെ അമ്പത്തൊന്നാം നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിലാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.
‘സുസ്ഥിരത, തൊഴിലവസങ്ങൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. നവംബർ 15-ന് ആരംഭിച്ച ഈ എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയതായി മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡ് ഡയറക്ടർ ഒസാമ മുഹമ്മദ് അൽ റൗആസ് അറിയിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പണ്‌ഡിതർ, അധ്യാപകർ, സ്‌കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെടുന്ന നിരവധി പേർ ഈ പ്രദർശനം കാണാനെത്തിയതായി അദ്ദേഹം വ്യക്തമാക്കി.
ഭൂവിജ്ഞാനീയ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് ലഭിച്ച വിവിധ ഭൂവിജ്ഞാനീയ യുഗങ്ങളിൽ നിന്നുള്ള ഫോസിലുകളുടെ പ്രദർശനം ഈ എക്സിബിഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഒമാന്റെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നതിനൊപ്പം, അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ പ്രദർശനം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.