ഒമാൻ: പ്രവാസി നിക്ഷേപകർക്ക് വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ വാങ്ങുന്നതിന് അനുമതി

GCC News

വിദേശ നിക്ഷേപകർക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന ഒരു ഔദ്യോഗിക ഉത്തരവ് ഒമാൻ പുറത്തിറക്കി. ഒമാൻ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിങ്ങ് വകുപ്പ് മന്ത്രി H.E. ഡോ. ഖൽഫാൻ ബിൻ സയീദ് അൽ ഷുഐലിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

2022 മാർച്ച് 9-നാണ് ഒമാൻ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിങ്ങ് വകുപ്പ് ഈ അറിയിപ്പ് നൽകിയത്. രാജ്യത്തെ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ളെക്സുകൾക്ക് പുറത്ത് വിദേശികൾക്ക് ഇത്തരത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ഈ തീരുമാനത്തിലൂടെ സാധിക്കുന്നതാണ്.

ഒമാനിലെ സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പ് ത്വരിതപ്പെടുത്തുന്നതിനും, റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഈ ഉത്തരവ് ഒമാനിലെ റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ വലിയ പുരോഗതി കൊണ്ടവരുമെന്നും, ഈ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുമെന്നും അധികൃതർ കരുതുന്നു.

അഞ്ച് ലക്ഷം റിയാലിൽ കുറയാത്തതായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങൾ വാങ്ങിയതായി തെളിയിക്കുന്ന വിദേശ നിക്ഷേപകർക്ക് ഈ പദ്ധതിയുടെ കീഴിൽ ഫസ്റ്റ് ക്ലാസ് റെസിഡൻസി കാർഡ് നേടാവുന്നതാണ്. ഇത്തരക്കാർക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രി സെക്രട്ടേറിയറ്റിൽ അപേക്ഷിക്കാവുന്നതാണ്. രണ്ടര ലക്ഷം റിയാലിൽ കൂടാത്തതുമായ മൂല്യമുള്ള ഒന്നോ, അതിലധികമോ കെട്ടിടങ്ങൾ സ്വന്തമാക്കുന്ന വിദേശികൾക്ക് സെക്കന്റ് ക്ലാസ് റെസിഡൻസി കാർഡ് നേടുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഫസ്റ്റ് ക്ലാസ് റെസിഡൻസി കാർഡ് നേടുന്ന വിദേശികൾക്ക് പാർപ്പിട ആവശ്യത്തിനുള്ളതും, വാണിജ്യ, വ്യാവസായിക ആവശ്യത്തിനുള്ളതുമായ ഇടങ്ങൾ സ്വന്തമാക്കാവുന്നതാണ്. സെക്കന്റ് ക്ലാസ് റെസിഡൻസി കാർഡ് പാർപ്പിട ആവശ്യത്തിനുള്ള ഇടങ്ങൾ സ്വന്തമാക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഈ പദ്ധതിയുടെ കീഴിൽ വിദേശികൾക്ക് മുസന്ദം, ബുറൈമി, ദഹിറാഹ്, വുസ്ത ഗവർണറേറ്റുകളിൽ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി നൽകിയിട്ടില്ല. ദോഫാർ മേഖലയിൽ സലാല വിലായത് ഒഴികെയുള്ള ഇടങ്ങളിലും ഈ അനുമതി നൽകിയിട്ടില്ല. ലിവ, ഷിനാസ്, മാസിറാഹ് എന്നീ വിലായത്തുകൾ, ജബൽ അൽ അഖ്ദാർ, അൽ ജബൽ ഷംസ് തുടങ്ങിയ മലനിരകൾ, സുരക്ഷാ, സൈനിക കാരണങ്ങളാൽ പ്രാധാന്യമുള്ള മറ്റിടങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള ഇടങ്ങൾ എന്നിവിടങ്ങളിലും വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് സ്വന്തമാക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ളെക്സുകൾക്കുള്ളിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് അനുമതി നൽകിയിട്ടുള്ള തീരുമാനം തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് കൈവശപ്പണയ വ്യവസ്ഥയിൽ ഫ്ലാറ്റുകളും, ഓഫീസുകളും വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് 2020-ൽ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ തുടർച്ചയെന്നോണമാണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.