എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലും, നഴ്സറികളും COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളിലും നഴ്സറികളും COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിച്ചിട്ടുണ്ട്:
- അബുദാബിയിലെ സ്വകാര്യ വിദ്യാലയങ്ങളിലും, നഴ്സറികളും ഔട്ഡോർ ഇടങ്ങളിൽ വിദ്യാർത്ഥികൾക്ക് മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണ്.
- കായിക വിനോദങ്ങൾ, പഠനയാത്രകൾ എന്നിവയ്ക്ക് അനുമതി.
- ഔട്ഡോർ ഇടങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ നിർബന്ധമല്ല.
- വിദ്യാലയങ്ങളിൽ പരിപാടികൾ, ചടങ്ങുകൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി. 90 ശതമാനം ശേഷിയിലാണ് ഇത്തരം പരിപാടികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
- സ്‌കൂൾ ബസുകൾക്ക് പൂർണ്ണ ശേഷിയിൽ സർവീസ് നടത്താം.
- COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ 18 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ഇവർ 1, 4 ദിനങ്ങളിൽ PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായ 18 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്ക് ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ഇവർ ആദ്യ അഞ്ച് ദിവസങ്ങളിൽ ദിനം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്.
എമിറേറ്റിലെ COVID-19 നിയന്ത്രണങ്ങളിൽ 2022 ഫെബ്രുവരി 26 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച സാഹചര്യത്തിലാണ് സ്വകാര്യ വിദ്യാലയങ്ങളിൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.