രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മാർച്ച് 15, ചൊവ്വാഴ്ച്ച മുതൽ മാർച്ച് 18, വെള്ളിയാഴ്ച്ച വരെ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും താപനില വളരെയധികം താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ദിനങ്ങളിൽ തബുക്, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡർ തുടങ്ങിയ മേഖലകളിൽ താപനില മൈനസ് മൂന്ന് വരെ താഴാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കന്‍ മേഖലകളിൽ അനുഭവപ്പെടുന്ന ഈ ശീതതരംഗത്തിന്റെ പ്രഭാവം അൽ ഖാസിം, അൽ ശർഖിയ, റിയാദ് മുതലായ മേഖലകളിലേക്കും വ്യാപിക്കുമെന്നും, ഈ ഇടങ്ങളിൽ താപനില നാല് ഡിഗ്രി വരെ താഴമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ, മക്ക, തബുക്, മദീന, അൽ ജൗഫ്, ഹൈൽ, നോർത്തേൺ ബോർഡേഴ്സ്, അൽ ഖാസിം തുടങ്ങിയ ഇടങ്ങളിൽ പൊടിയ്ക്കും, ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ കാറ്റ് മാർച്ച് 16, 17 എന്നീ ദിവസങ്ങളിൽ ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് തുടങ്ങിയ മേഖലകളിലും അനുഭവപ്പെടാമെന്നും അധികൃതർ കൂട്ടിച്ചേർത്തു. മാർച്ച് 18-ന് മക്ക, നജ്റാൻ എന്നിവിടങ്ങളിലും അസിർ, അൽ ബാഹ എന്നിവിടങ്ങളുടെ കിഴക്കൻ പ്രദേശങ്ങളിലും മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയുള്ള അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. ഈ പൊടിക്കാറ്റിനാൽ കാഴ്ച്ച മറയുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.