രാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 15-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മാർച്ച് 16 മുതൽ യാത്രാ നിബന്ധനകളിൽ താഴെ പറയുന്ന മാറ്റങ്ങളാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്:
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ജി സി സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർ, നിവാസികൾ എന്നിവർക്ക് രോഗപ്രതിരോധ ശേഷി സംബന്ധിച്ച സ്റ്റാറ്റസ് തെളിയിക്കുന്നതിനായി അതാത് രാജ്യത്തെ ഔദ്യോഗിക ആരോഗ്യ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇവർക്ക് ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി ഏർപ്പെടുത്തിയിരുന്ന Ehteraz വെബ്സൈറ്റിലെ രജിസ്‌ട്രേഷൻ ഒഴിവാക്കിയിട്ടുണ്ട്.
- ജി സി സി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർ, നിവാസികൾ എന്നിവർക്ക് ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപായി PCR ടെസ്റ്റ് നിർബന്ധമല്ല. യാത്ര പുറപ്പെടുന്ന രാജ്യം റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് ഈ പരിശോധന നടത്തേണ്ടത്. യാത്ര പുറപ്പെടുന്നതിന് മുൻപായി PCR ടെസ്റ്റ് നടത്താതെ ഖത്തറിലേക്ക് പ്രവേശിക്കുന്ന ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനകം അംഗീകൃത മെഡിക്കൽ കേന്ദ്രത്തിൽ നിന്നെടുത്ത ഒരു റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് മുൻപായി നടത്തിയിട്ടുള്ള PCR ടെസ്റ്റ് റിസൾട്ടുമായി ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ഈ ആന്റിജൻ പരിശോധന ആവശ്യമില്ല.
- മന്ത്രാലയം ഏതാനം ദിവസം മുൻപ് പ്രഖ്യാപിച്ച പ്രകാരം, വാക്സിൻ ബൂസ്റ്റർ ഡോസ് എടുത്തവർക്കും, രോഗമുക്തി നേടിയവർക്കും ലഭിക്കുന്ന രോഗപ്രതിരോധ ശേഷി സാധുതാ കാലാവധി 12 മാസത്തേക്ക് നീട്ടിയിട്ടുണ്ട്.
ഈ തീരുമാനങ്ങൾ 2022 മാർച്ച് 16-ന് വൈകീട്ട് 7 മണിമുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഖത്തറിലെത്തുന്ന മുഴുവൻ പേരും പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി തങ്ങളുടെ ഫോണുകളിൽ Ehteraz ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, പ്രയോഗക്ഷമമാക്കേണ്ടതുമാണ്.