ഈ വർഷത്തെ റമദാനിൽ എമിറേറ്റിൽ പാലിക്കേണ്ട COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. 2022 മാർച്ച് 31-ന് വൈകീട്ടാണ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
റമദാനിൽ എമിറേറ്റിൽ പാലിക്കേണ്ട പൊതുവായ സുരക്ഷാ നിർദ്ദേശങ്ങളും, മതപരമായ ചടങ്ങുകളിലും, സാമൂഹിക ചടങ്ങുകളിലും പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങളും ഈ അറിയിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുമായി ചേർന്നാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ അറിയിച്ചിരിക്കുന്നത്.
COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:
- ഇൻഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം ഉറപ്പ് വരുത്തേണ്ടതാണ്.
- സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്.
- കൈകളുടെ ശുചിത്വം ഉറപ്പ് വരുത്തേണ്ടതാണ്.
- ആളുകൾ സ്പർശിക്കാൻ ഇടയാകുന്ന പ്രതലങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
മതപരമായ ചടങ്ങുകളിൽ പാലിക്കേണ്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:
- സർക്കാർ വകുപ്പുകളിൽ നിന്ന് പെർമിറ്റ് നേടിയിട്ടുള്ളവർക്ക് മാത്രമാണ് റമദാൻ ടെന്റുകൾ ഒരുക്കാൻ അനുമതി.
- റമദാനിൽ ഭക്ഷണ വിതരണം നടത്തുന്നവർ മാസ്കുകൾ, കയ്യുറകൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- COVID-19 രോഗബാധിതർ നോമ്പെടുക്കുന്നതിന് മുൻപായി ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
- പള്ളികളിലെത്തുന്നവർ കൃത്യമായ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്. പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്കുകൾ ഉപയോഗിക്കേണ്ടതും, സ്വന്തം നിസ്കാര പായകൾ കരുതേണ്ടതുമാണ്.
- സംഭാവനകൾ, പാരിതോഷികങ്ങൾ എന്നീ നിലയിൽ പണം നൽകുന്നതിന് ഡിജിറ്റൽ രീതികൾ ഉപയോഗിക്കേണ്ടതാണ്.
സാമൂഹിക ചടങ്ങുകളുമായി ബന്ധപ്പെട്ട COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:
- ആശംസകൾ അറിയിക്കുന്നതിനായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതാണ്.
- പൊതു ഇടങ്ങളിലും, കുടുംബങ്ങളിലും നടക്കുന്ന ഒത്ത് ചേരലുകളിൽ പ്രായമായവരും, വിട്ടുമാറാത്ത രോഗങ്ങളുള്ളവരുമായ രോഗ പകർച്ചാ സാധ്യത കൂടുതലുള്ള വിഭാഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- ഒത്ത് ചേർന്നുള്ള ഇഫ്താർ വിരുന്നുകളും മറ്റും ഒരേ വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന രീതിയിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- മാർക്കറ്റുകൾ സന്ദർശിക്കുന്നവർ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.