രാജ്യത്തെ സ്വകാര്യ മേഖലയിൽ കഴിഞ്ഞ 2 വർഷത്തിനിടയിൽ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ ഒമാൻ വാണിജ്യ വകുപ്പ് മന്ത്രി H.E. ഡോ. സൈദ് അൽ സഖ്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ ബഹുഭൂരിപക്ഷം പേർക്കും തൊഴിൽ നഷ്ടമാകുന്നതിന് ഇടയാക്കിയത് COVID-19 മഹാമാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒമാനിൽ തൊഴിൽ നഷ്ടമായവരിൽ അധികവും പ്രവാസികളാണെന്നും അദ്ദേഹം നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒമാനിൽ സ്വകാര്യ മേഖലയിലെ ഏതാണ്ട് 292500 പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. 7500 ഒമാൻ പൗരന്മാർക്കും ഈ കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
2020, 2021 എന്നീ രണ്ട് വർഷങ്ങൾ മഹാമാരിയുടെ പ്രതിസന്ധി മൂലം സ്വകാര്യ മേഖലയിൽ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. ഈ കാലയളവിൽ തൊഴിലവസരങ്ങൾ തീരെ കുറവായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.