വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായുള്ള ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഈ ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ സാധുതയുള്ള വാഹന ലൈസൻസോട് കൂടിയ, ലൈസൻസ് പ്ലേറ്റ് നമ്പറുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക.
എന്നാൽ പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾ നേരിട്ട് ഹാജരാകേണ്ടതാണെന്നും ROP വ്യക്തമാക്കിയിട്ടുണ്ട്.
സാധുതയുള്ള റെസിഡൻസി കാർഡുകളും, ഡ്രൈവേഴ്സ് ലൈസൻസുമുള്ള പ്രവാസികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. സ്വന്തം പേരിൽ രണ്ടിലധികം നാല് ചക്ര വാഹനങ്ങളുള്ള പ്രവാസികൾക്ക് ഈ സംവിധാനം ഉപയോഗിക്കാനാകില്ലെന്നും ROP വ്യക്തമാക്കി. നിലവിൽ ഒമാനിൽ തന്നെയുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാത്രമാണ് ഈ സംവിധാനത്തിലൂടെ കൈമാറാനാകുന്നത്.