2022 മെയ് 16, തിങ്കളാഴ്ച വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള രാജ്യത്തെ മുഴുവൻ വിനോദ പരിപാടികളും, ആഘോഷങ്ങളും, കായിക മത്സരഇനങ്ങളും മാറ്റിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
2022 മെയ് 13 മുതൽ മെയ് 16 വരെയുള്ള കാലയളവിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ കായിക, വിനോദ പരിപാടികളും മാറ്റിവെക്കാൻ തീരുമാനിച്ചതായും, സൗദിയുടെ മുഴുവൻ മേഖലകളിലും ഈ തീരുമാനം ബാധകമാണെന്നും അതോറിറ്റി വ്യക്തമാക്കി. യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ടാണ് ഈ തീരുമാനം.
രാജ്യത്ത് ഈ കാലയളവിൽ നടക്കാനിരുന്ന സാംസ്കാരിക പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ വിവിധ പരിപാടികൾ മാറ്റിവെച്ചതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം വ്യക്തമാക്കിയിട്ടുണ്ട്.