രാജ്യത്ത് 2022 മെയ് 23, തിങ്കളാഴ്ച്ച ശക്തമായ ഒരു മണൽക്കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 മെയ് 22-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പടിഞ്ഞാറൻ ദിശയിൽ നിന്ന് വീശിയടിക്കുന്ന ഈ പൊടിക്കാറ്റ് മെയ് 23-ന് കുവൈറ്റിൽ പ്രവേശിക്കുമെന്നും, തുടർന്ന് രാജ്യത്തിന്റെ ഉൾഭാഗങ്ങളിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണൽക്കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച തടസപ്പെടുമെന്നും, കാഴ്ച്ച ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലായിരിക്കും അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പൊടിക്കാറ്റിന്റെ പ്രഭാവം ചൊവ്വാഴ്ച്ച പുലർച്ചെ വരെ തുടരാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ അറുപത് കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് മൂലം കടൽത്തീരങ്ങളിൽ വലിയ തിരമാലകൾ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.