രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി. 2022 മെയ് 22, ഞായറാഴ്ച രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രോഗബാധ സംശയിക്കുന്ന കേസുകൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായും, രോഗബാധ രാജ്യത്ത് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചതായും ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കുരങ്ങ് പനിയുടെ ലക്ഷണങ്ങൾ പ്രകടമാക്കുന്ന മുഴുവൻ കേസുകളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും, സംശയം തോന്നുന്ന കേസുകൾ ആരോഗ്യ അധികൃതരെ അറിയിക്കാനും രാജ്യത്തെ മുഴുവൻ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഏതാനം യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കയിലും കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.