കുവൈറ്റ്: പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി

GCC News

പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് കൊണ്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്‌മദ്‌ അൽ മൻഫൗഹി ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറിക്കിയിട്ടുണ്ട്.

പാർക്കിംഗ് ഇടങ്ങളിലും മറ്റും വാഹനങ്ങൾ ഉപേക്ഷിക്കുന്നതും, വിൽക്കുന്നതിനായി നിർത്തി ഇടുന്നതും ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുന്നതാണ്. ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കിയതായി മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ നിയമം ലംഘിച്ചതായി തെളിയിക്കപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മൂന്ന് മാസത്തിന് ശേഷം ലേലം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പാർക്കിംഗ് അനുവദിക്കാത്ത ഇടങ്ങളിൽ അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾ ട്രാഫിക് തടസം സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായി മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം ലംഘനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.