വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

featured GCC News

എംബസിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 16-നാണ് എംബസി ഇക്കാര്യം അറിയിച്ചത്.

https://twitter.com/IndembAbuDhabi/status/1559522908690587649

നാട്ടിലേക്ക് തിരികെ മടങ്ങുന്നത് ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളിൽ സഹായം ആവശ്യമായി വരുന്നവരെയാണ് ഈ തട്ടിപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

“@IndembAbuDhabi എന്ന ട്വിറ്റർ ഹാൻഡിൽ മാത്രമാണ് അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അക്കൗണ്ടായി ഉപയോഗിക്കുന്നത്. ഇന്ത്യൻ എംബസി ഉപയോഗിക്കുന്ന ഇമെയിൽ വിലാസങ്ങൾ, സാമൂഹിക മാധ്യമ അക്കൗണ്ടുകൾ, ടെലിഫോൺ നമ്പറുകൾ എന്നിവ http://indembassyuae.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. എംബസി അധികൃതരായി ചമഞ്ഞ് കൊണ്ട് തട്ടിപ്പുകാർ അയക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്.”, എംബസി പ്രത്യേക അറിയിപ്പിലൂടെ ചൂണ്ടിക്കാട്ടി.

“@embassy_help എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചും, ‘ind_embassy.mea.gov@protonmail.com എന്ന ഇമെയിൽ വിലാസം ഉപയോഗിച്ചും യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പണം തട്ടുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിലാസങ്ങൾ എംബസിയുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തതും, വ്യാജമായതുമാണ്. “, എംബസി കൂട്ടിച്ചേർത്തു.

എംബസിയിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ @mea.gov.in എന്ന ഡൊമെയ്ൻ വിലാസത്തിൽ അവസാനിക്കുന്ന ഇമെയിൽ അക്കൗണ്ടുകളിൽ നിന്നായിരിക്കുമെന്നും, ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും എംബസി അധികൃതർ ഇന്ത്യൻ സമൂഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.