ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് ഷാർജ അധികൃതർ അറിയിച്ചു. ഷാർജ മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ പ്രാരംഭ നടപടി എന്ന രീതിയിൽ 2022 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ് ഈടാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
2024 ജനുവരി 1 മുതൽ ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വില്പന, നിർമ്മാണം, ഇറക്കുമതി എന്നിവ നിരോധിക്കുന്നതാണ്. ഇവയ്ക്ക് പകരമായി പരിസ്ഥിതി-സൗഹൃദ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതും, ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബാഗുകൾ ഏർപ്പെടുത്തുന്നതാണ്.
മുനിസിപ്പൽ അഫയേഴ്‌സ് വിഭാഗം നൽകുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്കാണ് ഇപ്രകാരം അനുമതി നൽകുന്നത്.