രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരമാർഗമുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 സെപ്റ്റംബർ 6, ചൊവ്വാഴ്ച്ച സൗദി രാജാവ് കിംഗ് സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് അൽ സലാം കൊട്ടാരത്തിൽ വെച്ചാണ് ഈ യോഗം നടന്നത്.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവരും, സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങുന്നവരുമായ യാത്രികർക്ക് ഈ മാർക്കറ്റുകളിലൂടെ വിവിധ വസ്തുക്കൾ വിപണനം ചെയ്യുന്നതാണ്. സൗദി അറേബ്യയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.