ബഹ്‌റൈൻ: ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധനകൾക്കായി ഓൺലൈൻ ബുക്കിംഗ് സംവിധാനം

featured GCC News

രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബർ 20-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ കമ്മീഷൻസ് ചീഫ് ഡോ. ഐഷ അഹ്‌മദ്‌ ഹുസൈനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നടപടി ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ പരിശോധനകൾക്കായെത്തുന്ന ഇത്തരം ജീവനക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് സഹായകമാകുമെന്ന് അവർ അറിയിച്ചു.

രാജ്യത്തെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ ഓൺലൈൻ സംവിധാനത്തിലൂടെ പ്രദേശം, ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പരിശോധന നടത്തുന്നതിനുള്ള ആരോഗ്യ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ സംവിധാനത്തിലൂടെ മുൻ‌കൂർ ബുക്കിംഗ് നടത്തുന്നതിനും, ഇതിൽ മാറ്റങ്ങൾ വരുത്തുന്നതിനും, മെഡിക്കൽ പരിശോധകളുടെ ഫലം, ഫിറ്റ്നസ് സെർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് ചെയ്തെടുക്കുന്നതിനുമുള്ള സേവനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.