കുവൈറ്റ്: ജഹ്‌റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചു

GCC News

ജഹ്‌റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചതായി ജഹ്‌റ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മാരി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജഹ്റ ഹെൽത്ത് സെന്ററിൽ പ്രവാസി തൊഴിലാളികൾക്കായി പ്രവർത്തിച്ചിരുന്ന മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രം ജഹ്‌റ ഹോസ്പിറ്റൽ 2-ലേക്ക് മാറ്റി സ്ഥാപിച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ജഹ്‌റ ഹോസ്പിറ്റൽ 2-ൽ ഇതിനായി ഒരു പ്രത്യേക പരിശോധനാ കേന്ദ്രം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 500 മുതൽ 600 പേർക്ക് വരെ മെഡിക്കൽ ടെസ്റ്റ് നടത്താവുന്നതാണ്. ഈ കേന്ദ്രത്തിൽ നാല് റിസപ്‌ഷൻ കൗണ്ടറുകളും, രക്തപരിശോധനയ്ക്കായി 6 മുറികളും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും, ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 6 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് ഈ കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ നൽകുന്നത്.