നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു; പ്രവേശനം ഇന്ന് മുതൽ

GCC News

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് SIBF ഉദ്ഘാടനം ചെയ്തത്.

സന്ദർശകർക്ക് ഇന്ന് (2022 നവംബർ 2) മുതൽ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി മേളയിലെത്തിയ സമുന്നതരായ എഴുത്തുകാരെയും, ബുദ്ധിജീവികളെയും, പ്രസാധകരെയും H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സ്വാഗതം ചെയ്തു. നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനം 12 ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളുടെ തുടക്കം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Sharjah International Book Fair.

വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളിലൂടെ ലോകത്തെ വ്യത്യസ്‌തമായ സംസ്‌കാരങ്ങളെ അടുത്തറിയാനും, അതിലൂടെ സ്വയം കൂടുതൽ അറിവുകൾ നേടുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ലഭിക്കുന്ന ഒരു അവസരമാണ് ഈ മേളയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമി ‘ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ദി അറബിക് ലാംഗ്വേജ്’ (Historical Dictionary of the Arabic Language) എന്ന പുസ്തകത്തിന്റെ 19 പുതിയ വാള്യങ്ങൾ പ്രകാശനം ചെയ്തു.

Source: Sharjah International Book Fair.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ ആശയം ശ്രേഷ്ഠമായ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക ആശയവിനിമയത്തിനുള്ള പാലങ്ങളായി വർത്തിക്കുന്നതിനുള്ള വാക്കുകളുടെ പ്രാപ്തിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അപൂർവ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ പന്ത്രണ്ട് ദിവസം (നവംബർ 13 വരെ) നീണ്ട് നിൽക്കുന്നതാണ്.