ഖത്തർ: കർവാ ബസ് സർവീസുകളുടെ പ്രവർത്തന സമയം നീട്ടി

GCC News

രാജ്യത്തെ എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജന ചുമതല നിർവഹിക്കുന്ന സ്ഥാപനമായ സില അറിയിച്ചു. 2022 നവംബർ 14-നാണ് സില ഇക്കാര്യം അറിയിച്ചത്.

എല്ലാ കർവാ ബസ് സർവീസുകളും പുലർച്ചെ 4 മണിമുതൽ രാത്രി 12 മണിവരെ സേവനങ്ങൾ നൽകുന്ന രീതിയിൽ നിലവിൽ പുനഃക്രമീകരിച്ചതായി സില അറിയിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ നൽകുന്ന L533, T612 എന്നീ രണ്ട് റൂട്ടുകൾ ഒഴികെയുള്ള എല്ലാ കർവാ ബസ് സർവീസുകളും ഇത്തരത്തിൽ പുനഃക്രമീകരിച്ചിട്ടുണ്ട്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.