ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ ആരംഭിക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്. സായിദ് സിറ്റിയിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ 9 വരെ നീണ്ട് നിൽക്കും.
‘സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന ആശയത്തിലൂന്നിയാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്. യു എ ഇ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച ഒരു അറബ് കവിതയുടെ പ്രതീകമാണ് ഈ ആശയം.
അൽ ദഫ്‌റ ബുക്ക് ഫെയർ എന്ന പേരിലാണ് നേരത്തെ ഈ പുസ്തകമേള നടത്തിയിരുന്നത്. അറബിക് ലാംഗ്വേജ് സെന്റർ നേരത്തെ രണ്ട് തവണ ഈ പുസ്തകമേള സംഘടിപ്പിച്ചിരുന്നു.
ഇത്തവണത്തെ മേളയിൽ നാല്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുക്കുന്നതാണ്. അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
WAM (Cover Image: File photo from WAM)