ഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു

GCC News

ഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു. ഒമാൻ നാഷണൽ മ്യൂസിയം, ഷാർജ മ്യൂസിയംസ് അതോറിറ്റി എന്നിവർ സംയുക്തമായാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

‘ഒമാനി സിവിലൈസേഷൻ: ഒറിജിൻ ആൻഡ് ഡെവലപ്മെന്റ്’ എന്ന ഈ എക്സിബിഷൻ 2022 ഡിസംബർ 14, ബുധനാഴ്ച ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ഷാർജ ഭരണാധികാരിയും, യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് ഡോ. സുൽത്താൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഒമാൻ ടൂറിസം വകുപ്പ് മന്ത്രി സാലിം മുഹമ്മദ് അൽ മഹ്‌റൂഖി, നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ അൽ മൂസാവി, യു എ ഇയിലെ ഒമാൻ അംബാസഡർ ഡോ. ആഹ്മെദ് ഹിലാൽ അൽ ബുസൈദി, ഷാർജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടർ ജനറൽ മനാൽ അതായ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.

Source: WAM.

ഈ എക്സിബിഷൻ 2023 ജൂൺ 7 വരെ തുടരുന്നതാണ്. ഒമാൻ – യു എ ഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എടുത്ത് കാട്ടുന്നതും, മേഖലയിലെ ഗംഭീരമായ ചരിത്രം വെളിപ്പെടുത്തുന്നതുമായ നൂറ് അപൂര്‍വ്വമായ വസ്‌തുക്കൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: WAM.

ഒമാനി നാഗരികതയുടെ ഭാഗമായി, ശിലായുഗം, വെങ്കലയുഗം തുടങ്ങിയ കാലഘട്ടങ്ങളിലൂടെ പ്രാചീന ഇസ്ലാമിക് യുഗം വരെ ഉരുത്തിരിഞ്ഞ സാമൂഹിക, ഭൂമിശാസ്‌ത്രപരമായ വികാസങ്ങൾ ഈ എക്സിബിഷൻ പരിശോധിക്കുന്നു.

300 ബി സി മുതൽ 400 എ ഡി വരെയുള്ള കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങൾ, ആയുധങ്ങൾ, ആഭരണങ്ങൾ, കൃഷി ഉപകരണങ്ങൾ, കല്ലിലും, കളിമണ്ണിലും തീർത്ത പാത്രങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ നിന്നുള്ള സ്വർണ്ണത്തിൽ പണിതീർത്ത അപൂർവമായ ഒരു നെക്‌ലസ്‌ ഉൾപ്പടെയുള്ള ആഭരണങ്ങളും ഈ പ്രദർശനത്തിന്റെ ഭാഗമാണ്.

Source: Oman News Agency.

ബി സി 2100-നും 2000-ത്തിനും ഇടയിൽ പഴക്കമുള്ള പ്രാചീന ലിഖിതങ്ങൾ അടങ്ങിയ ഒരു ക്യൂനിഫോം ടാബ്‌ലെറ്റ് ഈ പ്രദർശനത്തിലെ ഒരു പ്രധാന ആകർഷണമാണ്. പ്രാചീന മെസോപ്പൊട്ടാമിയയിലെ സുമേറിയൻ നഗരമായിരുന്ന ‘ഉർ’ മുതൽ പ്രാചീന മഗാൻ മേഖല (ഇന്നത്തെ യു എ ഇ, ഒമാൻ എന്നിവ ഉൾപ്പെടുന്ന പ്രദേശം) വരെ ജലമാര്‍ഗ്ഗം സഞ്ചരിക്കുന്നതിനായി ഒരു കപ്പൽനിര നിർമ്മിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെ ഒരു പട്ടികയാണ് ഈ ക്യൂനിഫോം ടാബ്‌ലെറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വർണ്ണത്തിലും, ചെമ്പിലും തീർത്ത കഠാരകൾ, പ്രതിമകൾ, മണ്‍പാത്രങ്ങൾ എന്നിവയ്‌ക്കൊപ്പം 2200 ബി സി കാലഘട്ടത്തിലെ ആദിമ രൂപത്തിലുള്ള ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു മുദ്രയും ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Cover Image: WAM.