കുവൈറ്റിലെ സ്വദേശിവത്കരണ നടപടികളുമായി ബന്ധപ്പെട്ട്, ചുരുങ്ങിയത് 1875 പ്രവാസി അധ്യാപകർക്ക്, ഈ അധ്യയന വർഷം അവസാനിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെടുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022/ 2023 അധ്യയന വർഷം അവസാനിക്കുന്നതോടെ 1875 പ്രവാസി അധ്യാപകരെയെങ്കിലും പിരിച്ച് വിടുമെന്നാണ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. 25 ശതമാനത്തിൽ താഴെ പ്രവാസി അധ്യാപകരുള്ള പ്രത്യേക മേഖലകളിലാണ് ഇത്തരത്തിൽ പൂർണ്ണമായുള്ള സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഇരുപത്തഞ്ച് ശതമാനത്തിൽ കൂടുതൽ പ്രവാസി അധ്യാപകരുള്ള പ്രത്യേക മേഖലകളിൽ പടിപടിയായാണ് ഇത് നടപ്പിലാക്കുന്നത്.
ഇസ്ലാമിക് സ്റ്റഡീസ്, അറബിക്, ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, ജോഗ്രഫി, സൈക്കോളജി, സോഷ്യോളജി, ബയോളജി, ജിയോളജി, ആർട്ട്, ഡെക്കറേഷൻ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്സ് മുതലായ സ്പെഷ്യലൈസേഷൻ മേഖലകളിലെ വനിതാ അധ്യാപകർക്കിടയിലാണ് ഈ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. പുരുഷ അധ്യാപകർക്കിടയിൽ ഇസ്ലാമിക് എഡ്യൂക്കേഷൻ, ഹിസ്റ്ററി, സൈക്കോളജി, സോഷ്യോളജി, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്സ് എന്നീ സ്പെഷ്യലൈസേഷൻ മേഖലകളിലാണ് ഈ സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.