യു എ ഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എമിറേറ്റിലെ വിവിധ ചടങ്ങുകളുടെ സംഘാടകരോടും, ഇവ നടക്കുന്ന വേദികളോടും അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ആഹ്വാനം ചെയ്തു. 2023 ഫെബ്രുവരി 3-നാണ് അബുദാബി DCT ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ചടങ്ങുകളുടെ വേദികൾ, സംഘാടകർ എന്നിവർക്കായി DCT ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപനം അബുദാബിയിലെ ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ, ഇവന്റ് മാനേജ്‌മന്റ് സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, വിനോദകേന്ദ്രങ്ങൾ മുതലായ്ക്ക് ബാധകമാണ്.
എമിറേറ്റിൽ നടക്കുന്ന ചടങ്ങുകളിലും, ഇവയുടെ വേദികളിലും യു എ ഇയിലെ പൊതു മര്യാദകൾ, സദാചാര മൂല്യങ്ങൾ എന്നിവയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾ, സജ്ജീകരണങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് DCT വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇയിലെ സമ്പ്രദായങ്ങൾ, പരമ്പരാഗതമായ രീതികൾ, പൈതൃകം എന്നിവ പാലിക്കുന്ന രീതിയിലും, ഇവയെ ബഹുമാനിക്കുന്ന രീതിയിലുമായിരിക്കണം ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്ന് ഈ വിജ്ഞാപനം ചൂണ്ടിക്കാട്ടുന്നു.
വംശീയ വിരോധം ഉളവാക്കുന്നതും, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതും, രാജ്യത്തെ പൊതു മര്യാദകൾ ലംഘിക്കുന്നതുമായ എല്ലാ കാര്യങ്ങളും, പരിപാടികളും ഒഴിവാക്കേണ്ടതാണെന്ന് ഈ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും DCT അറിയിച്ചിട്ടുണ്ട്.
https://tcaabudhabi.ae/DataFolder/Circulars/Circular%201_2023_Event%20Licensing%20System.pdf?utm_source=DCT+Social&utm_medium=Social+&utm_campaign=Events_Circular എന്ന വിലാസത്തിൽ ഈ വിജ്ഞാപനം ലഭ്യമാണ്.
Cover Image: WAM.