അബുദാബി: ഭൂഗർഭജലം സംരക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു നയം പുറത്തിറക്കി

GCC News

എമിറേറ്റിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) ഒരു പൊതു നയം പുറത്തിറക്കി. 2023 ഫെബ്രുവരി 22-നാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പ്രകൃതിവിഭവങ്ങളുടെ ഉപയോഗം ഉത്തമരീതിയിലാക്കുന്നതിനും, പാഴ്ച്ചെലവ് കുറയ്ക്കുന്നതിനും, ജലത്തിന്റെ ഉപയോഗം സംബന്ധിച്ച് സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും, കൃഷി, പരിസ്ഥിതി, വാണിജ്യം തുടങ്ങിയ മേഖലകളിൽ ഇതിലൂടെ മികച്ചരീതിയിലുള്ള മാറ്റങ്ങൾ കൊണ്ട് വരുന്നതും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു നയം പ്രഖ്യാപിച്ചിരിക്കുന്നത്. 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്.

ഭൂഗർഭജല സ്രോതസ്സുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടാക്കുക, മികച്ച ജലസേചന സാങ്കേതിക വിദ്യകളും, രീതികളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെക്കുന്നതാണ് പുതിയ നയം. ഭൂഗർഭജല ഗുണനിലവാര സൂചിക മെച്ചപ്പെടുത്തുന്നതിനൊപ്പം, 2030 ഓടെ ഭൂഗർഭജലം വേർതിരിച്ചെടുക്കുന്നത് 650 ദശലക്ഷം ക്യുബിക് മീറ്റർ വരെ കുറയ്ക്കാനുള്ള ഈ നയം EAD സെക്രട്ടറി ജനറൽ ഡോ. ശൈഖ സലേം അൽ ദഹേരിയാണ് പ്രഖ്യാപിച്ചത്.

പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ പ്രസക്തമായ അധികാരികളുമായുള്ള കൂടിയാലോചനയുടെയും സഹകരണത്തിന്റെയും പിന്തുണയോടെ EAD-യുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കുക. പുതിയ നയം നടപ്പിലാക്കുന്നത്തോടെ 2030ൽ ജലചൂഷണ നിരക്ക് 24-ൽ നിന്ന് 16-മടങ്ങായി കുറയുമെന്നും, ജലസേചനത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ ജലസംഭരണികൾ വർദ്ധിപ്പിക്കുമെന്നും EAD അറിയിച്ചു.

WAM