സൗദി അറേബ്യ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് MHRSD

featured GCC News

രാജ്യത്തെ കൂടുതൽ തൊഴിൽ മേഖലകളിലും, തൊഴിൽ പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 ഏപ്രിൽ 2-ന് വൈകീട്ടാണ് MHRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പ്രോജക്റ്റ് മാനേജ്‌മന്റ്, പ്രൊക്യൂർമെൻറ്, സെയിൽസ്, ഷിപ്പിംഗ്, ഫ്രെയ്റ്റ്, സ്ത്രീകളുടെ ടൈലറിംഗ് മുതലായ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ MHRSD തീരുമാനിച്ചിട്ടുണ്ട്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

പ്രോജക്റ്റ് മാനേജ്‌മന്റ് മേഖലയിലെ സ്വദേശിവത്കരണം:

പ്രോജക്റ്റ് മാനേജ്‌മന്റ് മേഖലയിലെ പ്രോജക്റ്റ് മാനേജർ, പ്രോജക്റ്റ് മാനേജ്‌മന്റ് സ്പെഷ്യലിസ്റ്റ് എന്നീ പദവികളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ മേഖലയിലെ സ്വദേശിവത്കരണം നടപ്പിലാക്കുക.

പ്രോജക്റ്റ് മാനേജ്‌മന്റ് പദവികളിൽ മൂന്നോ, അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആദ്യ ഘട്ടത്തിൽ ഈ മേഖലയിലെ 35 ശതമാനം തൊഴിലവസരങ്ങളിലും, രണ്ടാം ഘട്ടത്തിൽ 40 ശതമാനം തൊഴിലവസരങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. ഈ മേഖലയിലെ സ്വദേശികളുടെ ചുരുങ്ങിയ വേതനം 6000 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.

പ്രൊക്യൂർമെൻറ്, സെയിൽസ് മേഖലയിലെ സ്വദേശിവത്കരണം:

പ്രൊക്യൂർമെൻറ് പദവികളിൽ മൂന്നോ അതിലധികം ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ MHRSD ഇതിനകം തന്നെ അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്. സെയിൽസ് പദവികളിൽ അഞ്ചോ അതിലധികം ജീവനക്കാർ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ 15 ശതമാനം തൊഴിൽപദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്.

പർചേസിങ്ങ് മാനേജർ, പർചേസിങ്ങ് റപ്രസെന്ററ്റീവ്, ഫുഡ് മാനേജർ, പ്രൈവറ്റ് ട്രേഡ്മാർക്ക് സ്പെഷ്യലിസ്റ്റ്, ടെൻഡറിങ്ങ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ പദവികളിലാണ് പ്രൊക്യൂർമെൻറ് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ളത്. സെയിൽസ് മാനേജർ, ഇന്റെർണൽ സെയിൽസ്, കസ്റ്റമർ സർവീസ് മാനേജർ, പാറ്റന്റ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സെയിൽസ് എക്സ്പെർട്ട്, പ്രിന്റർ. കോപ്പിയിങ്ങ് ഉപകരണങ്ങളുടെ സെയിൽസ്മാൻ, കമ്പ്യൂട്ടർ സെയിൽസ്മാൻ, റീറ്റെയ്ൽ സെയിൽസ് മാനേജർ, ഹോൾസെയിൽ സെയിൽസ് മാനേജർ, കൊമേർഷ്യൽ സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ പദവികളിലാണ് സെയിൽസ് മേഖലയിൽ സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുള്ളത്.

ഷിപ്പിംഗ്, ഫ്രെയ്റ്റ് മേഖലയിലെ സ്വദേശിവത്കരണം:

മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക്സ്, ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി എന്നിവരുമായി ചേർന്ന് കൊണ്ട് ഫ്രെയ്റ്റ്, ഫ്രെയ്റ്റ് ബ്രോക്കർ മേഖലയിലെ 14 പ്രവർത്തനങ്ങളിൽ MHRSD സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, സ്ത്രീകളുടെ ടൈലറിംഗ്, ഡെക്കറേഷൻ സേവനമേഖലയിൽ മുഴുവൻ സ്ഥാപങ്ങളിലെയും എല്ലാ നടത്തിപ്പ് പദവികളിലും സ്വദേശിവത്കരണം നടപ്പിലാക്കാൻ MHRSD തീരുമാനിച്ചിട്ടുണ്ട്.

പത്തോ, അതിലധികമോ ജീവനക്കാരുള്ള ഇത്തരം സ്ഥാപനങ്ങളിൽ ടെക്നിക്കൽ തൊഴിൽ പദവികളിൽ ഒരു സൗദി സ്ത്രീ ജീവനക്കാരിയെ നിയമിക്കണമെന്ന നിബന്ധനയും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.