രാജ്യത്തെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് യു എ ഇ ധനകാര്യമന്ത്രാലയം ‘2023/ 43’ എന്ന ഔദ്യോഗിക തീരുമാനം പുറത്തിറക്കിയിട്ടുണ്ട്.
2023 ഏപ്രിൽ 10-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ‘2022/47’ അനുസരിച്ചുള്ള രജിസ്ട്രേഷൻ നടപടികളിൽ ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളെയാണ് മന്ത്രാലയം ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള വിഭാഗങ്ങൾ ഒഴികെയുള്ള ടാക്സ് പരിധിയിൽ വരുന്ന വ്യക്തികൾ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ കീഴിൽ കോർപറേറ്റ് ടാക്സ് രജിസ്ട്രേഷൻ നടത്തിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോർപറേറ്റ് ടാക്സ് രജിസ്ട്രേഷൻ നടപടികളിൽ നിന്ന് താഴെ പറയുന്ന വിഭാഗങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്:
- യു എ ഇയിൽ നിന്നുള്ള വരുമാനം മാത്രമുള്ള പ്രവാസികൾക്ക്, അവർക്ക് യു എ ഇയിൽ സ്ഥിരമായുള്ള ഒരു സ്ഥാപനം (പെർമനന്റ് എസ്റ്റാബ്ലിഷ്മെന്റ് പരിധിയിൽ പെടുന്ന) ഇല്ലാത്ത സാഹചര്യത്തിൽ, ഈ രജിസ്ട്രേഷൻ ആവശ്യമില്ല.
- സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ.
- എക്സ്ട്രാക്റ്റീവ് ബിസിനസുകൾ, എക്സ്ട്രാക്റ്റീവ് അല്ലാത്ത പ്രകൃതിവിഭവ ബിസിനസുകൾ
മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് അവർ യു എ ഇ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന പക്ഷം ഈ രജിസ്ട്രേഷൻ ഒഴിവാക്കി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
WAM [Cover Image: Dubai Media Office.]