നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തമ്മിൽ ധാരണയിലെത്തി

featured GCC News

രണ്ടാം വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഖത്തർ – ബഹ്‌റൈൻ ഫോളോഅപ്പ് കമ്മിറ്റി റിയാദിലെ ജി സി സി ആസ്ഥാനത്ത് യോഗം ചേർന്നു. 2023 ഏപ്രിൽ 12-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഖത്തർ വിദേശകാര്യ മന്ത്രലയത്തിലെ സെക്രട്ടറി ജനറൽ H.E. ഡോ. അഹ്‌മദ്‌ ബിൻ ഹസ്സൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധി സംഘവും, ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് വിഭാഗം അണ്ടർ സെക്രട്ടറി H.E. ഷെയ്ഖ് അബ്ദുല്ല ബിൻ അഹ്‌മദ്‌ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ പ്രതിനിധി സംഘവുമാണ് സൗദി അറേബ്യയിൽ വെച്ച് കൂടിക്കാഴ്ച്ചകൾ നടത്തിയത്.

ആദ്യ വട്ട കൂടിക്കാഴ്ച്ചയുടെ ഭാഗമായി കൈക്കൊണ്ട തീരുമാനങ്ങൾ ഇവർ യോഗത്തിൽ അവലോകനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ചാർട്ടർ പ്രകാരമുള്ളതും, 1961-ലെ വിയന്ന ഉടമ്പടിയുടെ ഭാഗമായുളളതുമായ വ്യവസ്ഥകളിൽ ഊന്നിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിനുള്ള ആഗ്രഹം ഇരുകൂട്ടരും യോഗത്തിൽ വ്യക്തമാക്കി.

ജി സി സി ചാർട്ടർ പ്രകാരം ഗൾഫ് മേഖലയിലെ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

With inputs from Qatar News Agency.