യു എ ഇ: കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തികളെ സംബന്ധിച്ച് ധനകാര്യമന്ത്രാലയം മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു

featured GCC News

കോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒരു വ്യക്തിയെ ഒഴിവാക്കുന്നതിനും, ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുള്ള വ്യക്തി എന്ന പരിരക്ഷ തുടരുന്നതിനും, അവസാനിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള വ്യവസ്ഥകൾ സംബന്ധിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് 2023-ലെ മന്ത്രിതല തീരുമാനം നമ്പർ 105 ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

2023 മെയ് 10-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോർപ്പറേറ്റ് നികുതി നിയമം നടപ്പിലാക്കുന്നതിൽ വ്യക്തത നൽകുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. ആഗോള ബിസിനസ് ഹബ്ബ് എന്ന നിലയിൽ യു എ ഇയിൽ ബിസിനസ് വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി സുതാര്യവും കാര്യക്ഷമവുമായ നികുതി സമ്പ്രദായം ഉറപ്പാക്കാനുള്ളതാണ് ഈ തീരുമാനം.

ഇളവ് വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ ഒരു സ്ഥാപനത്തിന് കോർപ്പറേറ്റ് നികുതി ലഭിക്കുന്നതിനുള്ള അർഹത തുടരുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള നിയമവും മന്ത്രിതല തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാപനം പാപ്പരായിത്തീരുന്ന സാഹചര്യം, അടച്ച് പൂട്ടേണ്ടി വരുന്ന സാഹചര്യം മുതലായവ ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നിയമനടപടികൾ ആരംഭിക്കുന്ന തീയതി മുതൽ ഇരുപത് പ്രവൃത്തി ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച ഒരു അപേക്ഷ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് സമർപ്പിക്കാവുന്നതും, നികുതി അവസാനിപ്പിക്കലിന് വിധേയമാകുന്ന പട്ടികയിൽ ബിസിനസ്സ് ഉൾപ്പെടുത്താവുന്നതുമാണ്.

ഒരു വ്യക്തിയുടെ നിയന്ത്രണത്തിന് അതീതമായ ഒരു സംഭവത്തിന്റെയോ സാഹചര്യത്തിന്റെയോ ഫലമായി ഒരു വ്യക്തിയെ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വ്യക്തിയായി പരിഗണിക്കുന്നത് തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നതിനുള്ള വ്യവസ്ഥകളും പുതിയ മന്ത്രിതല തീരുമാനം വ്യക്തമാക്കുന്നതായി ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി അറിയിച്ചു. നിയമത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന വ്യക്തികൾ ഏതെങ്കിലും സാഹചര്യത്തിൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇത്തരത്തിൽ വ്യവസ്ഥ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന തീയതി മുതൽ ഇരുപത് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (ചില സാഹചര്യങ്ങളിൽ ഈ കാലയളവ് 20 ദിവസം കൂടി നീട്ടി ലഭിക്കുന്നതാണ്.) ആ വ്യക്തിക്ക് അപേക്ഷ സമർപ്പിച്ച് വ്യവസ്ഥകൾ പാലിക്കുന്നതിലെ പരാജയം തിരുത്താൻ അവസരം നൽകുന്നതാണ്.

ഒരു സ്ഥാപനം കോർപ്പറേറ്റ് നികുതി ആനുകൂല്യം നേടുന്നതിനായുള്ള നിയമങ്ങൾ ലംഘിക്കുന്ന സന്ദർഭത്തിൽ, ഈ വ്യവസ്ഥകളിൽ വീഴ്ച വരുത്തിയ തീയതി മുതൽ അത്തരം സ്ഥാപനത്തിന് കോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ള പരിരക്ഷ അവസാനിക്കുന്നതാണ്.

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം പിന്നീട് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.

പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതായും മന്ത്രാലയം പിന്നീട് അറിയിച്ചിരുന്നു.

WAM