അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2023 മെയ് 18, വ്യാഴാഴ്ച ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ‘മ്യൂസിയങ്ങളും സുസ്ഥിരതയും ക്ഷേമവും’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യകുലത്തിന്റെ സാംസ്കാരിക, ചരിത്ര പൈതൃകത്തെ എടുത്ത് കാട്ടുന്നതായിരുന്നു ഈ ആഘോഷങ്ങൾ.
ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി H.E. എൻജിനീയർ ഇബ്രാഹിം ബിൻ സയീദ് അൽ ഖരൗസിയുടെ കാർമികത്വത്തിലാണ് ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയത്തിൽ അന്താരാഷ്ട്ര മ്യൂസിയം ദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായി ‘ഒമാനി മ്യൂസിയങ്ങൾ: മനുഷ്യന്റെ ക്ഷേമത്തിനായുള്ള സുസ്ഥിര നിക്ഷേപം’ എന്ന വിഷയത്തിൽ പ്രത്യേക സംവാദങ്ങൾ സംഘടിപ്പിക്കപ്പെട്ടു.
രാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13-നാണ് സന്ദർശകർക്ക് തുറന്ന് കൊടുത്തത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ മനഹ് വിലായത്തിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഒമാൻ എന്ന രാജ്യത്തിന്റെ ഭൂതകാല പ്രതാപങ്ങളുടെയും, നവോത്ഥാനത്തിന്റെയും സംഗ്രഹം എന്ന രീതിയിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
ഒമാന്റെ ചരിത്രം, സംസ്കാരം, സാമ്പത്തിക വളർച്ച എന്നിവ വിവിധ കാലഘട്ടങ്ങളെ അടിസ്ഥാനമാക്കി അടയാളപ്പെടുത്തുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച്ചകൾ നൽകുന്ന ഒരു ജാലകം കൂടിയാണ്.
Cover Image: Oman News Agency.