ബഹ്‌റൈൻ – ഖത്തർ റൂട്ടിലെ വിമാനസർവീസുകൾ പുനരാരംഭിച്ചു

GCC News

ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്കിടയിലുള്ള നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനരാരംഭിച്ചതായി ഇരുരാജ്യങ്ങളുടെയും വ്യോമയാന കമ്പനികൾ അറിയിച്ചു. ഗൾഫ് എയർ, ഖത്തർ എയർവേസ് എന്നിവരാണ് ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് ഖത്തറിലേക്കും, തിരികെയും ഗൾഫ് എയർ ദിനവും ഒരു വിമാനസർവീസാണ് നടത്തുന്നതെന്നാണ് സൂചന. ഗൾഫ് എയർ വിമാനങ്ങൾ ദിനവും രാവിലെയാണ് സർവീസ് നടത്തുന്നത്.

മെയ് 25 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ ഇരുരാജ്യങ്ങൾക്കിടയിലും ഖത്തർ എയർവേസ് ദിനവും ഒരു വിമാന സർവീസ് വീതമാണ് നടത്തുന്നത്. 2023 ജൂൺ 15 മുതൽ സർവീസുകളുടെ എണ്ണം ദിനവും മൂന്ന് എന്ന രീതിയിൽ വർധിപ്പിക്കുമെന്നും ഖത്തർ എയർവേസ് അറിയിച്ചിട്ടുണ്ട്.

ഖത്തറുമായുള്ള വ്യോമയാന സേവനങ്ങൾ 2023 മെയ് 25 മുതൽ പുനഃസ്ഥാപിക്കുമെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും ബഹ്‌റൈനും തമ്മിൽ അടുത്തിടെ ധാരണയിലെത്തിയിരുന്നു.

Cover Image: Qatar News Agency.