പ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും. ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനം 2023 സെപ്തംബർ 13 മുതൽ 2024 ജനുവരി 14 വരെ നീണ്ട് നിൽക്കും.
ഏകദൈവാധിഷ്ഠിതമായ മതങ്ങളിൽ പ്രധാനപ്പെട്ട മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയുടെ പുരാതനമായ മതഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയാണ് ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനം ഒരുക്കുന്നത്. ഈ മതങ്ങളുടെ പുണ്യഗ്രന്ഥങ്ങൾ, അവയുടെ വിശുദ്ധ കൈയെഴുത്ത്പ്രതികൾ, ഇവയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾ, കാലിഗ്രഫി രൂപങ്ങൾ മുതലായവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഭാഷകളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നുമുള്ള ഈ മതഗ്രന്ഥങ്ങളുടെ പതിപ്പുകളും ഈ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദൈവാധിഷ്ഠിതമായ മതങ്ങളുടെ വികാസം, പരിണാമം എന്നിവ ഈ പ്രദർശനം പരിശോധിക്കുന്നു.
ബിബ്ലിയോതെക് നാഷണാൽ ദി ഫ്രാൻസ്, ഫ്രാൻസ് മ്യൂസിയംസ് എന്നിവയുമായി സഹകരിച്ചാണ് ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. വിവിധ മതഗ്രന്ഥങ്ങളുടെ ആവിർഭാവത്തിനിടയാക്കിയ ചരിത്രപശ്ചാത്തലങ്ങൾ, നൂറ്റാണ്ടുകൾക്കിടയിലുള്ള അവയുടെ പ്രചാരം, ഇവയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസസംബന്ധവും, യോഗാത്മകവുമായ സമ്പ്രദായങ്ങൾ, ആഗോളതലത്തിലുള്ള കലാമേഖലയിലും, ബൗദ്ധികമേഖലയിലും അവ നൽകിയ സംഭാവനകൾ തുടങ്ങിയ വിഷയങ്ങളെ ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനം സമഗ്രമായി വിശകലനം ചെയ്യുന്നു.
ലൂവർ അബുദാബി, ലൂവർ പാരീസ്, ബിബ്ലിയോതെക് നാഷണാൽ ദി ഫ്രാൻസ് തുടങ്ങിയ മ്യൂസിയങ്ങളിൽ നിന്നുള്ള 240-ൽ പരം കലാസൃഷ്ടികൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ, ബൈബിൾ, തോറ എന്നിവയുടെ പ്രധാനപ്പെട്ടതും, അതിമനോഹരമായ അലങ്കാരപ്പണികളോടെ തയ്യാറാക്കിയതുമായ കയ്യെഴുത്തുപ്രതികൾ ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ, ചിത്രപ്പണികൾ, തുണിത്തരങ്ങൾ, പെയിന്റിങ്ങുകൾ എന്നിവയും ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാവുന്നതാണ്.
WAM.