ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. രാജ്യം 93-മത് ദേശീയ ദിനം ആഘോഷിക്കുന്ന വേളയിലാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
സൗദി ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- ഏതെങ്കിലും ഒരു വസ്തു ചുമക്കുന്നതിനോ, കെട്ടിവെക്കുന്നതിനോ ദേശീയ പതാക ഉപയോഗിക്കരുത്.
- നിറം മങ്ങിയതോ, കീറിയതോ ആയ ദേശീയ പതാക ഉയർത്തുന്നത് നിരോധിച്ചിട്ടുണ്ട്. കേടുവന്ന ദേശീയ പതാകകൾ അവ കൈവശം വെക്കുന്ന വ്യക്തികൾ നശിപ്പിച്ച് കളയേണ്ടതാണ്.
- വ്യാപാരമുദ്ര എന്ന രീതിയിലും, വാണിജ്യ പരസ്യങ്ങൾക്ക് വേണ്ടിയും, നിയമം അനുശാസിക്കാത്ത മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുത്.
- ഒരു വാണിജ്യ ഉത്പന്നം എന്ന രീതിയിലുള്ള സൗദി ദേശീയ പതാകയുടെ എല്ലാ ഉപയോഗങ്ങളും വിലക്കിയിട്ടുണ്ട്.
- മൃഗങ്ങളുടെ ശരീരത്തിൽ ദേശീയ പതാക പുതപ്പിക്കുകയോ, വരയ്ക്കുകയോ ചെയ്യരുത്.
- ദേശീയ പതാക കേടുവരാനും, ചളിപിടിക്കാനും സാധ്യതയുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കകയോ, സൂക്ഷിക്കുകയോ ചെയ്യരുത്.
- ദേശീയ പതാകയ്ക്ക് അവമതിപ്പ് ഉണ്ടാകാനിടയുള്ള രീതിയിൽ അവ ഉപയോഗിക്കരുത്. ഉപയോഗിച്ച ശേഷം കളയാനുള്ള വസ്തുക്കളിൽ ദേശീയ പതാക പ്രിന്റ് ചെയ്യരുത്.
- ദേശീയ പതാകയിൽ മറ്റു എഴുത്തുകളോ, മുദ്രകളോ, വരകളോ കൂട്ടിച്ചേർക്കരുത്.
- ദേശീയ പതാകയുടെ അരികുകളിൽ മറ്റു അലങ്കാരപ്പണികൾ ചേർക്കരുത്.
- യാതൊരു സാഹചര്യത്തിലും സൗദി ദേശീയ പതാക തലകീഴായി പ്രദർശിപ്പിക്കരുത്
- ദേശീയ പതാക പകുതി താഴ്ത്തി കെട്ടരുത്.
- ദേശീയ പതാക പ്രദർശിപ്പിക്കുന്ന അവസരത്തിൽ പതാക അതിന് കീഴെയുള്ള മറ്റു വസ്തുക്കളിൽ സ്പർശിക്കരുത്.
വ്യാപാരമുദ്ര എന്ന രീതിയിലും, പരസ്യങ്ങൾക്ക് വേണ്ടിയും രാജ്യത്തിന്റെ ദേശീയ പതാക ഉപയോഗിക്കരുതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Saudi Press Agency.