സൗദി: തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നു

featured Saudi Arabia

തയ്മയിലെ പുരാതന ശിലാലിഖിതങ്ങൾ ഈജിപ്തും അറേബ്യൻ ഉപദ്വീപുമായുള്ള വാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായി സൗദി അധികൃതർ ചൂണ്ടിക്കാട്ടി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Saudi Press Agency.

പുരാതന കാലങ്ങളിൽ നൈൽ നദീതടത്തിൽ വസിച്ചിരുന്നവരുമായി അറേബ്യൻ ഉപദ്വീപ് നിവാസികൾക്ക് ഉണ്ടായിരുന്ന പ്രാചീന വാണിജ്യ ബന്ധങ്ങളിലേക്കാണ് ഫറവോ കാലഘട്ടത്തിലേതെന്ന് കരുതുന്ന തയ്മയിലെ ശിലാലിഖിതങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് തയ്മ മ്യൂസിയം മുൻ ഡയറക്ടർ മുഹമ്മദ് അൽ നെയിം വ്യക്തമാക്കി. തയ്മ ഗവർണറേറ്റിൽ നിന്നാണ് കിംഗ് റാംസെസ്സ് മൂന്നാമന്റേതായ ശിലാലിഖിതങ്ങൾ കണ്ടെത്തിയത്.

Source: Saudi Press Agency.

ഈ ശിലാലിഖിതങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ആർക്കിയോളജിക്കൽ കണ്ടെത്തലുകളിലൊന്നായാണ് കരുതുന്നത്. നൈൽ നദീതടത്തിലെ നിവാസികൾക്കും, അറേബ്യൻ ഉപദ്വീപ് നിവാസികൾക്കും ഇടയിൽ ബി സി പന്ത്രണ്ടാം നൂറ്റാണ്ടിൽ നിലനിന്നിരുന്നതായി കരുതുന്ന ശക്തമായ വാണിജ്യ ബന്ധങ്ങളുടെ തെളിവാണ് ഈ ശിലാലിഖിതങ്ങളെന്നാണ് കരുതുന്നത്.

Source: Saudi Press Agency.

തയ്മ മരുപ്പച്ചയ്കരികിലെ ഒരു പാറക്കെട്ടിൽ നിന്ന് കണ്ടെത്തിയ പുരാതന ഈജിപ്‌തിലെ പവിത്രലിപി ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഈ ശിലാലിഖിതങ്ങളിൽ കിംഗ് റാംസെസ്സ് മൂന്നാമന്റെ രാജകീയ മുദ്ര ഉൾപ്പെടുന്നു. 2010-ൽ കണ്ടെത്തിയ ഈ ശിലാലിഖിതങ്ങൾ സൗദി അറേബ്യയിൽ നിന്ന് കണ്ടെത്തിയിട്ടുള്ള പുരാവസ്‌തുക്കളിൽ ഏറ്റവും പ്രാധാന്യമേറിയവയാണെന്ന് മുഹമ്മദ് അൽ നെയിം അഭിപ്രായപ്പെട്ടു.

Source: Saudi Press Agency.

ഈ പ്രദേശം നൈൽ നദീതടത്തെയും, അറേബ്യൻ ഉപദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് നിലനിന്നിരുന്ന വാണിജ്യപാതയിലാണ് സ്ഥിതി ചെയ്തിരുന്നതെന്ന് സൗദി പുരാവസ്‌തു ശാസ്‌ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫറവോ റാംസെസ്സ് മൂന്നാമന്റെ കാലഘട്ടത്തിൽ ഈജിപ്തിൽ നിന്നുള്ള കച്ചവടസംഘങ്ങൾ തയ്മയിൽ നിന്നുള്ള സ്വർണ്ണം, വെള്ളി, ചെമ്പ്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ തേടി ഈ പാതയിലൂടെ സഞ്ചരിച്ചിരുന്നതായി പുരാവസ്‌തു ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

Cover Image: Saudi Press Agency.